പെരിന്തൽമണ്ണ : മലപ്പുറം ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കുകളിൽ നിർദ്ധനരായ 'എ' ക്ലാസ് മെമ്പർമാർക്ക് സൗജന്യമായി 30 വീടുകൾ നിർമ്മിച്ചു നൽകിയത് ഉൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തന രംഗത്ത് മികച്ച പ്രകടനം കാഴ്ച വെച്ചതിന് ബിസിനസ് ന്യൂസിന്റെ സഹകരണ മേന്മ പുരസ്കാരം പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു. പാലക്കാട് വെച്ച് നടന്ന ചടങ്ങിൽ ബഹു. വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനിൽ നിന്ന് ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂക്ക്, വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ, കെ.പി.സി.സി സെക്രട്ടറി വി.ബാബുരാജ്, സെക്രട്ടറി ഇൻ ചാർജ് നാസർ കാരാടൻ, ഉസ്മാൻ തെക്കത്ത് എന്നിവർ ഏറ്റുവാങ്ങി. ബിസിനസ് ന്യൂസ് ചീഫ് എഡിറ്റർ എസ്.വി.അയ്യർ അദ്ധ്യക്ഷത വഹിച്ചു. ശാന്തകുമാരി എം.എൽ.എ, മുൻ മന്ത്രി കെ.ഇ.ഇസ്മായിൽ, മിൽമ ചെയർമാൻ കെ.എസ്.മണി, ബിസിനസ് ന്യൂസ് കോഓഡിനേറ്റർ എൻ.വി.ശാന്തകുമാരി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.